2025-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പ്രഖ്യാപിച്ചു.. പുരസ്കാരത്തിന് അർഹരായത് മൂന്ന് പേർ..

2025 സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് ആഗിയോൺ, പീറ്റർ ഹൊവിറ്റ് എന്നിവരാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന് അർഹരായത്. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേൽ വെനസ്വേലയിലെ ജനാധിപത്യ പ്രവർത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മരിയ കൊറീന മചാഡോ. നിക്കോളാസ് മഡുറോ വിജയിച്ച തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്. അഭിപ്രായ സർവേകളിൽ മരിയ കൊറീനയും ഗോൺസാൽവസും നയിച്ച സഖ്യത്തിന് വൻ വിജയം ലഭിച്ചെങ്കിലും മഡുറോ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സുപ്രീം കോടതി 15 വർഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി.

2025-ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചപ്പോൾ മൂന്ന് ഗവേഷകരാണ് പുരസ്കാരത്തിന് അർഹരായത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്കാരത്തിന് അർഹമായത്. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കമുള്ള വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവർ നടത്തിയത്.

Related Articles

Back to top button