സ്വന്തം പാർട്ടി പ്രവർത്തകരുടെ ക്രൂര മർദ്ദനം…ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ ആരോഗ്യനിലയിൽ…പൊലീസ് മൊഴിയെടുത്തു
വാണിയംകുളത്ത് സ്വന്തം പാർട്ടി പ്രവർത്തകരുടെ ക്രൂര മർദ്ദനത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. വിനേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. വിനേഷിൻ്റെ സംഭാഷണത്തിൽ അൽപം കൂടി വ്യക്തത വന്നാൽ വീണ്ടും മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് വിനേഷ് നൽകിയ മൊഴി എന്നാണ് വിവരം.
ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരാണ് വിനേഷിനെ ആക്രമിച്ചത്. ഇവരെ പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിനേഷിനെ ആക്രമിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.