സഹായിക്കാനിറങ്ങി, ഋഷിരാജ് സിങ് പെട്ടു; കണ്ണട മോഷ്ടിച്ചെന്ന് ചിത്രീകരിച്ചു…
തീവണ്ടിയിൽ യാത്രിക കണ്ണട മറന്നുെവച്ചെന്നു കരുതി തിരികെ കൊടുക്കാൻ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ മുൻ ഡിജിപി ഋഷിരാജ് സിങ്ങിന് വണ്ടിയും നഷ്ടമായി, പോരാത്തതിന് വിലകൂടിയ കണ്ണട മോഷ്ടിച്ചെന്നു ചിത്രീകരിക്കപ്പെടുകയും ചെയ്തു. സർവീസിൽ ഉടനീളം സത്യസന്ധനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ഋഷിരാജ് സിങ് വാസ്തവവിരുദ്ധമായ വാർത്തയുണ്ടാക്കിയ ആഘാതത്തിൽനിന്നു മുക്തനായിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച വന്ദേഭാരതിൽ തിരുവനന്തപുരത്തുനിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ എതിർവശത്തെ സീറ്റിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശിനി ഡോ. രമാ മുകേഷിനെ സഹായിക്കാൻ ശ്രമിച്ചതോടെയാണ് ഋഷിരാജ് സിങ് കള്ളനായി ചിത്രീകരിക്കപ്പെട്ടത്. തീവണ്ടി എറണാകുളത്ത് എത്തിയപ്പോൾ ഡോക്ടറും ഒപ്പമുണ്ടായിരുന്ന ഭർത്താവും മകളും ഇറങ്ങാനൊരുങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുവരെ പുസ്തകം വായിച്ചിരുന്ന ഡോക്ടർ കണ്ണട ഊരി സീറ്റിന്റെ പൗച്ചിൽ വെച്ചു. ബാഗുകൾ എടുത്ത് മകൾക്കൊപ്പം ഇറങ്ങാനുള്ള തിരക്കിലായിരുന്നു.
തീവണ്ടി സ്റ്റേഷനിൽ നിർത്തി അല്പനേരം കഴിഞ്ഞപ്പോഴാണ് ഡോക്ടറുടെ കണ്ണടയും പുസ്തകവും സീറ്റിനു സമീപം ഇരിക്കുന്നത് അദ്ദേഹം കണ്ടത്. മറന്നു വെച്ചതാണെന്നു കരുതി തിരിച്ചേൽപ്പിക്കാൻ പിന്നാലെ ഋഷിരാജ് സിങ്ങും ട്രെയിനിൽനിന്നും ഇറങ്ങി. എന്നാൽ, ഒപ്പം യാത്രചെയ്തിരുന്ന മകൾ എറണാകുളത്ത് ഇറങ്ങിയപ്പോൾ യാത്രപറയാൻ വാതിലിനടുത്തേക്കു നീങ്ങി ഡോക്ടറും ഭർത്താവും തീവണ്ടിയിൽനിന്നും ഇറങ്ങിയിരുന്നില്ല, വാതിലിനു സമീപത്തുനിന്ന ഇവരെ കാണാതെയാണ് ഋഷിരാജ് സിങ് പ്ലാറ്റ്‌ഫോമിൽ ഇവരെ തിരഞ്ഞത്. ഇതിനിടെ ഡോർ അടയുകയും വന്ദേഭാരത് നീങ്ങുകയും ചെയ്തു.
സഹായിക്കാൻ ഇറങ്ങിയ ഋഷിരാജ് സിങ്ങിന് തീവണ്ടി നഷ്‌ടമായി. അദ്ദേഹത്തിന്റെ പഴ്‌സും ഐഫോണും ബാഗും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ തീവണ്ടിയിലുമായി. പ്ലാറ്റ്‌ഫോമിലെ ഈറോഡ് റെസ്റ്റോറന്റിലെത്തിയ ഋഷിരാജ് സിങ് കണ്ണടയും പുസ്തകവും റെയിൽവേ പോലീസിനു കൈമാറാനുള്ള ഏർപ്പാട് ചെയ്തു. പരിചയമുള്ള മാനേജരിൽനിന്ന് 500 രൂപ കടം വാങ്ങി അടുത്ത തീവണ്ടിയിൽ ടിക്കറ്റ് എടുത്തു. വന്ദേഭാരതിലുള്ള തന്റെ ബാഗും മൊബൈൽഫോണും തിരൂരിൽ തന്നെ കൂട്ടാനെത്തുന്ന വ്യക്തിക്കു കൈമാറാനുള്ള ഏർപ്പാടും ചെയ്തു.
ഇതിനിടെ ഡോക്ടറും ഭർത്താവും തീവണ്ടിയിൽ കണ്ണടയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. തൃശ്ശൂരിൽ ഇറങ്ങിയ ഡോക്ടർ ഇവ കാണാനില്ലെന്നു പരാതി നൽകി. തൊട്ടുപിന്നാലെ പോലീസ് ഡോക്ടറെ ബന്ധപ്പെടുകയും കണ്ണടയും പുസ്തകവും കിട്ടിയ വിവരം അറിയിക്കുകയും ചെയ്തു. മുൻ ഡിജിപി ഋഷിരാജ് സിങ്ങാണ് തന്റെ കണ്ണട തിരികെ ഏൽപ്പിച്ചതെന്ന് അറിഞ്ഞ ഡോക്ടർ അദ്ദേഹത്തെ വിളിച്ച് നന്ദി അറിയിച്ചു. ഇതിനിടെയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരിയുടെ 30000 രൂപ വിലയുള്ള കണ്ണട മോഷ്ടിച്ചുവെന്ന വാർത്ത ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്.