പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു.. ഹരിപ്പാട് സ്ത്രീ തൊഴിലാളി മരിച്ചു..

ഹരിപ്പാട്: വൈദ്യുതാഘാതമേറ്റ് സ്ത്രീ തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിന്റെ ഭാര്യ സരള (64) യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പള്ളിപ്പാട് വടക്കേക്കര കിഴക്ക് നേര്യം പറമ്പിൽ വടക്കതിൽ ശ്രീലത (52) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന ഇരുവരും വിശ്രമിക്കാനായി കരയിലേക്ക് കയറുമ്പോൾ സമീപത്തുണ്ടായിരുന്ന വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിച്ചു. ആദ്യം സ്റ്റേ വയറിൽ പിടിച്ച ശ്രീലത ഷോക്കേറ്റ് തെറിച്ചു വീണു. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും, പ്രദേശവാസികളെ അറിയിച്ച് ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ആശുപത്രിയിലെത്തിയപ്പോഴേക്കും സരള മരിച്ചു. സംസ്ക്കാരം നാളെ വൈകിട്ട് 3 ന്. മക്കൾ: നിഷ, നീതു.മരുമക്കൾ: രതീഷ്, രാജേഷ്.

Related Articles

Back to top button