വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ.. എംഎൽഎ വരുന്ന വിവരം ആളുകൾ അറിഞ്ഞത് അവസാന നിമിഷം..
പാലക്കാട് മണ്ഡലത്തിൽ വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തു. വാർഡുകളിലെ പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിൻ്റെ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു. എംഎൽഎ വരുന്ന വിവരം അവസാന നിമിഷമാണ് ആളുകളെ അറിയിച്ചത്. ഇന്നലെ പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആർടിസി ബംഗളൂരു ബസ് രാഹുൽ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.
ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫാണ് രാഹുൽ മാങ്കൂട്ടത്തിൽ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെയും ഡിപോ എഞ്ചിനിയറെയും ഉപരോധിച്ചു. പാർട്ടിയിൽ അറിയിക്കാതെ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്തതിൽ കോൺഗ്രസിനകത്തും വലിയ പൊട്ടിത്തെറി നടന്നു.