നിക്ഷേപ തട്ടിപ്പ്… സി.പി.എം ലോക്കൽ കമ്മറ്റി അംഗം അറസ്റ്റിൽ….
കോഴിക്കോട്- കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. സ്ഥാപന ത്തിന്റെ കുറ്റ്യാടി ബ്രാഞ്ച് മാനേജർ വേളം പൂളക്കൂൽ സ്വദേശി കെ.കെ.ഷൈജു (41)വിനെയാണ് എസ്.ഐമാരായ സതീശൻ വായോത്ത്, സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. സ്ഥാപനത്തിൽ പൊലീസ് റെയ്‌ഡ് നടത്തി. കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് സ്‌ഥിര നിക്ഷേപം സ്വീ കരിച്ചു നിക്ഷേപ തുകയും പലിശയും നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇരുപത്തിയഞ്ചോളം കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി-കൊ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേരളത്തിലെ ഏഴ് ബ്രാഞ്ചുകളിൽ നിന്നും ആറായിരത്തിൽ പരം നിക്ഷേപകരിൽ നിന്നും മുന്നൂറു കോടിയോളം രുപ അപഹരിച്ചിട്ടുണ്ടെന്നാണ് പരാതി. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാതെ വിശ്വാസവഞ്ചന കാണിച്ചതിനെത്തുടർന്ന് നിക്ഷേപകർ കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. കുറ്റ്യാടി പൊലീസ് ബഡ്സ് ആക്റ്റ് ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചിക്കുകയും ഈ സൊസൈറ്റിയുടെ ഡയറക്ടർമാരും മറ്റുളള ഉദ്യോഗസ്ഥരും കുറ്റം ചെയ്തതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റ്യാടി ബ്രാഞ്ച് റെയിഡ് ചെയ്ത് ബ്രാഞ്ച് മാനേജറും, ഏരിയ മാനേജറുമായ ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ഷൈജു സി.പി.എം ചേരാപുരം ലോക്കൽ കമ്മിറ്റി അംഗമാണ്. ഈ സൊസൈറ്റിയുടെ മുൻ ചെയർമാൻ സജീഷ് മഞ്ചേരിയേയും ഡയറക്ടർമാരിൽ ഒരാളായ ഷാജനേയും കഴിഞ്ഞ ജൂണിൽ അറസ്റ്റു ചെയ്തിരുന്നു.