‘വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാം’; ഇൻസ്റ്റാഗ്രാം പേജിലൂടെ ഫോർട്ടുകൊച്ചി സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്……
ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 5,70,000 രൂപ രൂപതട്ടിയെടുത്തതായി പരാതി. ഇൻസ്റ്റാഗ്രാം പേജിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം വഴിയാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് വിവരം.
ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ് യുവതി തട്ടിപ്പിനിരയായത്. വർക്ക് ഫ്രം ഹോം ചെയ്താൽ ദിവസവരുമാനമോ മാസവരുമാനമോ നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യമായിരുന്നു ഇത്. കൂടുതൽ വിവരങ്ങൾ അറിയാനായി പരസ്യത്തിൽ ക്ലിക്ക് ചെയ്തപ്പോൾ യുവതി നേരിട്ട് ഒരു വാട്ട്‌സ്ആപ്പ് ചാറ്റിലേക്ക് പോവുകയായിരുന്നു. കടുവഞ്ചേരിയിലുള്ള ഒരു ചെട്ടിനാട് റെസ്റ്റോറന്റിന്റെ എച്ച്.ആർ. അസിസ്റ്റന്റാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഒരാൾ യുവതിയുമായി ചാറ്റ് ചെയ്തത്.
ദിവസവും ഈ റെസ്റ്റോറന്റുകളെക്കുറിച്ച് റിവ്യൂ എഴുതി നൽകിയാൽ ദിവസ വരുമാനമായി 5000 രൂപ ലഭിക്കുമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. റിവ്യൂ എഴുതി നൽകിയ ശേഷം, ആദ്യ ദിവസങ്ങളിലെ ടാസ്കിനുള്ള പ്രതിഫലമായി 4130 രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്തു കൊടുത്തു. പല ദിവസങ്ങളിലായി ഇത് തുടർന്നതോടെ യുവതിക്ക് തട്ടിപ്പുകാരെ പൂർണ്ണമായും വിശ്വാസമായി. പിന്നീട് അഡ്വാൻസ് ആയി പണം അടച്ചാൽ ഒരു ടാസ്ക് നൽകാം എന്നും, അതുവഴി വരുമാനം ഇരട്ടിയാക്കാം എന്നും പറഞ്ഞ് യുവതിയെ ഇയാൾ കബളിപ്പിച്ചു. തുടർന്ന്, പല തവണകളായി 5,75,000 രൂപ യുവതി തന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി പലരുടെയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു.
പണം ലഭിച്ചതിനുശേഷം തട്ടിപ്പുകാരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. യുവതിയെ ബ്ലോക്ക് ചെയ്തതിനുശേഷം ഇവർ കടന്നുകളഞ്ഞപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് യുവതിക്ക് മനസ്സിലായത്. യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് എടുക്കുകയും ഇതിന് പിന്നിലുള്ള സംഘം ആരാണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴിയുണ്ടാകുന്ന ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.