ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം..
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തെക്കൻ ജില്ലകളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വടക്കൻ ജില്ലകളിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊല്ലം പട്ടാഴി സ്വദേശിയായ 48കാരി ഇന്നലെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സെപ്തംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. 11 ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമായിരുന്നു ഇത്.