ഖത്തറിനെ നടുക്കി ഈജിപ്തിൽ കാർ അപകടം.. ഗാസ സമാധാന കരാർ ഒപ്പിടാനുള്ള ഉച്ചകോടിക്കെത്തിയ 3 നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം…

ഹമാസും ഇസ്രയേലും തമ്മിലുള്ള ഗാസ വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിക്കാനായി ഈജിപ്തിലെത്തിയ 3 ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് യാത്ര ചെയ്യവേ ഉണ്ടായ കാർ അപകടത്തിലാണ് ഖത്തറിന്‍റെ 3 പ്രധാന നയതന്ത്രജ്ഞ ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഷാം എൽ ഷൈഖിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ വെച്ചാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ള നയതന്ത്രജ്ഞരാണ് മരിച്ചവർ.

രണ്ട് നയതന്ത്രജ്ഞർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് വിരാമം കുറിക്കുന്നതിനുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ് അടക്കം പങ്കെടുക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് നയതന്ത്രജ്ഞർ ഷാം എൽ-ഷൈഖിലേക്ക് യാത്ര തിരിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Back to top button