താമരശ്ശേരി താലൂക്ക് ആശുപത്രിയിൽവെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ..
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വി ടി ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് എട്ട് സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തിന് സർജറി ചെയ്തിരുന്നു. ഡോക്ടർക്ക് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് അച്ഛൻ സനൂപ് ഡോക്ടർ വിപിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.
സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറും കളക്ടറും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും വരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.