ഷാഫി പറമ്പിലിനെതിരായ മർദനം… യുഡിഎഫ് പ്രതിഷേധത്തിൽ സിദ്ദീഖ് ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസ്…
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ യുഡിഎഫ് മാർച്ചിൽ ടി സിദ്ദീഖ് എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസെടുത്തു. എംഎൽഎ ഉൾപ്പെടെ നൂറ് പേർക്കെതിരെയാണ് കേസെടുത്തത്. പിഡിപിപി (പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം) ആക്ട് ഉൾപ്പെടെ ചേർത്താണ് കസബ പൊലീസ് കേസെടുത്തത്. കമ്മീഷണർ ഓഫീസിന്റെ ഗേറ്റ് തകർത്തതിൽ 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.
കൗൺസിലർ പി എം നിയാസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ നൗഷിർ, ഷഹീൻ, വിദ്യ ബാലകൃഷ്ണൻ എന്നിവർക്ക് പുറമെ തിരിച്ചറിയാനാകുന്ന 95 യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേർന്ന് ഗതാഗതം തടസപ്പെടുത്തിയെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പേരാമ്പ്രയയിൽ കോൺഗ്രസ്- പൊലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി ഓഫീസ് പരിസരത്ത്‌നിന്നും ആരംഭിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ സ്റ്റേഷനിലേക്ക് തള്ളിക്കയറാനും ശ്രമിച്ചിരുന്നു.