ഒന്നര വർഷം മുൻപ് വിവാഹം… ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു.. ഭർത്താവ് അറസ്റ്റിൽ
ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവി(26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ദീക്ഷിത്തിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ വൈഷ്ണവി മരിച്ചു.
പോസ്റ്റ്മോർട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശ്രീകൃഷ്ണപുരം പൊലീസ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലയ്ക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നര വർഷം മുൻപായിരുന്നു വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്.