തിരുവനന്തപുരത്ത് ക്രൂര കൊലപാതകം.. അമ്മാവനെ മരുമകൻ തല്ലിക്കൊന്നു…
തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. മണ്ണന്തലയിലാണ് സംഭവം. പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണ് മരിച്ചത്. സുധാകരന്റെ സഹോദരിയുടെ മകന്‍ രാജേഷാണ് അടിച്ചുകൊന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. രാജേഷിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ നേരത്തെ അടിപിടി, പടക്കം ഏറ് തുടങ്ങിയ നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്.മദ്യലഹരിയിലായിരുന്ന രാജേഷും സുധാകരനുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ സഹോദരി വിനോദിനി അഞ്ചുദിവസം മുന്‍പാണ് മരിച്ചത്. ഇതിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നലെയായിരുന്നു നടന്നത്.
പൊലീസ് തന്നെ പിടികൂടുമെന്ന് മനസിലാക്കിയ രാജേഷ് ഉടൻ തന്നെ സ്ഥലത്ത് നിന്ന് മുങ്ങി. എങ്കിലും അധികം വൈകാതെ മണ്ണന്തലയിൽ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച രാജേഷിൻ്റെ എതിർ സംഘത്തിൽപെട്ട ഗുണ്ടകൾ ഈ വീടിന് നേരെ ആക്രമണം നടത്തിയിരുന്നു. ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയ ഈ സംഭവത്തിന് ശേഷമാണ് ഇതേ വീട്ടിൽ ക്രൂരമായ കൊലപാതകം നടന്നത്.