2003-ലെ വൈദ്യുതി നിയമം സമഗ്രമായി ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ..
2003-ലെ വൈദ്യുതിനിയമം സമഗ്രമായി ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്ന, നിരക്കുവർധനയ്ക്ക് വഴിവെക്കാവുന്ന ഭേദഗതികളുടെ കരട് അഭിപ്രായമറിയിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് അയച്ചു.
നിലവിലെ നിയമത്തിൽ സ്വകാര്യ വൈദ്യുതി വിതരണക്കമ്പനികൾ അവരുടേതായ ശൃംഖല ഉണ്ടാക്കണമായിരുന്നു. ഇതുമാറ്റി കെഎസ്ഇബിപോലുള്ള പൊതുമേഖലാകമ്പനികളുടെ വൈദ്യുതിശൃംഖല പ്രയോജനപ്പെടുത്താൻ സ്വകാര്യകമ്പനികളെയും അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി.
ഇപ്പോൾ ഒരു പ്രദേശത്ത് പ്രവർത്തിക്കുന്ന വൈദ്യുതി വിതരണക്കമ്പനി അവിടത്തെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നൽകാൻ ബാധ്യസ്ഥമാണ്. ഇതു മാറ്റി ഒരു മെഗാവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്കുമാത്രമായി വൈദ്യുതി നൽകാൻ കമ്പനികളെ അനുവദിക്കും. ഇതോടെ വൻകിട ഉപഭോക്താക്കളെമാത്രം ലക്ഷ്യമിട്ടുള്ള വിതരണക്കമ്പനികൾ വരും. കെഎസ്ഇബിപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്തമത്സരം നേരിടും.
വൻകിട ഉപഭോക്താക്കൾ ഒഴിവായാൽ പൊതുമേഖലാ കമ്പനികളുടെ വരുമാനം കുറയും. കമ്പനികളുടെ വൈദ്യുതിവിതരണം നിലയ്ക്കുന്ന സമയത്ത് കൂടുതൽ നിരക്ക് ഈടാക്കി വൈദ്യുതി നൽകാൻ മറ്റ് കമ്പനികളെ ചുമതലപ്പെടുത്താം.
വൈദ്യുതിനിരക്കും വൈദ്യുതിവിതരണച്ചെലവും തമ്മിലുള്ള വിടവ് കാലക്രമേണ ഇല്ലാതാക്കണമെന്നാണ് 2003-ലെ നിയമത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ‘കാലക്രമേണ’ എന്നത് മാറ്റി, വിതരണച്ചെലവ് പ്രതിഫലിക്കുന്ന നിരക്കുതന്നെ നിശ്ചയിക്കണമെന്നാണ് പുതിയ ബില്ലിൽ. കമ്പനികൾ അപേക്ഷിച്ചില്ലെങ്കിലും സ്വമേധയാ നിരക്കുകൂട്ടാൻ റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരമുണ്ടാകും.
വീടുകളിലെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് കുറയ്ക്കാൻ വ്യാവസായിക ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ട്. ഇതാണ് ക്രോസ് സബ്സിഡി. ഇത് ക്രമേണ അവസാനിപ്പിക്കണം.