ബേക്കറിയിൽ കയറി ഷവായ്, ലൈം കുടിച്ചു, സാധനങ്ങളും എടുത്ത് മുങ്ങി, വീട് തപ്പിയെടുത്ത് ‘മീശമാധവൻ പുരസ്കാരം 2025″ നൽകി ബേക്കറി ഉടമ..
ബേക്കറിയിൽ കയറി ഭക്ഷണവും കഴിച്ച് മോഷണവും നടത്തി മുങ്ങിയ യുവാവിനെ വീട് തപ്പിപ്പിടിച്ച് വ്യത്യസ്തമായ ആദരവുമൊരുക്കി ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ഒരു ബേക്കറിയുടമ. കടയ്ക്കാവൂരിലെ ബേക്കറി ഉടമയായ അനീഷ് ആണ് സ്വന്തം സ്ഥാപനത്തിൽ മോഷ്ടിച്ച് മുങ്ങിയ ആളിൻ്റെ അഡ്രസ് ഉൾപ്പടെ തപ്പിയെടുത്ത് വീട്ടിൽ ചെന്ന് “മീശമാധവൻ പുരസ്കാരം 2025 ” നൽകി ആദരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രിയോടെയായിരുന്നു സംഭവം.
അനീഷിൻ്റെ ബേക്കറിയിൽ എത്തിയ വർക്കല ഞെക്കാട് സ്വദേശി നബീബ് ആണ് ഭക്ഷണം കഴിച്ച ശേഷം മോഷണവും നടത്തി മുങ്ങിയത്. ബേക്കറിയിൽ നിന്നും പുറത്തേക്ക് വരുന്നയാൾ ക്യാഷ് കൗണ്ടറിലേക്ക് വരാതെ പുറത്തേക്കിറങ്ങിയതോടെ കൗണ്ടറിൽ ഇരുന്ന അനീഷ് ചോദിച്ചെങ്കിലും കടയിൽ വെറുതേ കയറിയതാണെന്ന മറുപടിയാണ് അയാൾ നൽകിയത്. പിന്നീട് സ്റ്റാഫിനോട് സംസാരിച്ചപ്പോൾ ഷവായ്, ലൈം ജ്യൂസ് എന്നിവ കഴിച്ചെന്നും എന്തെക്കയോ എടുത്താണ് ഇയാൾ പുറത്തേക്ക് വന്നതെന്നും മനസിലായി.
എന്നാൽ സ്കൂട്ടിയിൽ എത്തിയ ഇയാൾ അനീഷ് പുറത്തെത്തിയപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു.ഇതോടെയാണ് മോഷ്ടാവിനെ എങ്ങനെ പിടികൂടാം എന്ന് ആലോചിച്ചതെന്ന് അനീഷ് പറയുന്നു.ഷോപ്പിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ആളെ കുറിച്ചുള്ള വിവരം ലഭിച്ചു. പിന്നാലെ തൻ്റെ സമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും വീഡിയോ പ്രചരിപ്പിച്ച് ആളെ കുറിച്ചുള്ള അന്വേഷണം തുടങ്ങി. ഇത് കണ്ട് ഒരാൾ വിളിക്കുകയും ദ്യശ്യത്തിലുള്ളയാളിനെ അറിയാം എന്ന് പറഞ്ഞതോടെ വീട് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.