‘സമാധാന നൊബേല്‍ ട്രംപിന് സമര്‍പ്പിക്കുന്നു, നന്ദി അറിയിക്കുന്നു’…
സമാധാന നൊബേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ലഭിക്കാത്തതില്‍ വൈറ്റ് ഹൗസ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമര്‍പ്പിക്കുന്നതായി പ്രഖ്യാപിച്ച് ജേതാവ് മരിയ കൊറീനാ മച്ചാഡോ. വെനസ്വേലന്‍ ജനതയുടെ പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണ് തനിക്ക് ലഭിച്ച പുരസ്കാരമെന്നും തങ്ങള്‍ക്കൊപ്പം നിന്നതിന് അമേരിക്കന്‍ ജനതയോടും ട്രംപിനോടും നന്ദി അറിയിക്കുന്നുവെന്നും മരിയ കൊറീനാ മച്ചാഡോ പറഞ്ഞു.
സ്വാതന്ത്ര്യം നേടുക എന്ന തന്റെ ജനതയുടെ പരമമായ ലക്ഷ്യത്തിന് തന്റെ പുരസ്കാരനേട്ടം കരുത്താകുന്നുണ്ടെന്ന് മരിയ എക്സില്‍ കുറിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും നേടാനുള്ള തങ്ങളുടെ പോരാട്ടത്തിനൊപ്പം നിന്ന അമേരിക്കയേയും, ട്രംപിനേയും, ലാറ്റിന്‍ അമേരിക്കന്‍ ജനതയേയും, ലോകത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രങ്ങളേയും നന്ദിപൂര്‍വം ഓര്‍ക്കുന്നതായും മരിയ കൊറീനാ മച്ചാഡോ എഴുതി.