ആനയുമൊത്തുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നായകൻ ആന്റണി വർഗീസിന് പരിക്ക്
പ്രശസ്ത യുവതാരം ആന്റണി വർഗീസിന് പുതിയ ചിത്രമായ ‘കാട്ടാളന്റെ’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. തായ്ലൻഡിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സിനിമയിലെ ഒരു പ്രധാനപ്പെട്ട ആനയുമായുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റതെന്നാണ് വിവരം.
‘മാർക്കോ’ എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കാട്ടാളൻ’. ആന്റണി വർഗീസും സിനിമയുടെ അണിയറപ്രവർത്തകരും വമ്പൻ പ്രതീക്ഷയോടെയാണ് ഈ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ഒരുക്കുന്നത്.
ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയും അദ്ദേഹത്തിന്റെ ടീമുമാണ്. ‘ഓങ് ബാക്ക്’ സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.
‘ഓങ് ബാക്ക്’ സീരീസിലൂടെ ശ്രദ്ധേയനായ പോങ് എന്ന ആനയും ‘കാട്ടാളന്റെ’ ഭാഗമാണ്. ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഈ ആനയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബ്രഹ്മാണ്ഡമായ ആക്ഷൻ രംഗങ്ങളെന്നും സൂചനയുണ്ട്.
നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കാന്താര’, ‘മഹാരാജ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥാണ് സംഗീതം ഒരുക്കുന്നത്.
മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, ഹനാൻഷാ എന്നിവർക്കൊപ്പം തെലുങ്കിലെ പ്രമുഖ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ്, രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഉണ്ണി ആർ ആണ് സംഭാഷണങ്ങൾ ഒരുക്കുന്നത്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു വമ്പൻ പൂജാ ചടങ്ങുകളോടെയാണ് ‘കാട്ടാളൻ’ ലോഞ്ച് ചെയ്തത്. ബ്രഹ്മാണ്ഡമായ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ വിരുന്നായിരിക്കുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നുമാണ് നിലവിൽ ലഭിക്കുന്ന വിവരം.