തെരുവുനായ ആക്രമണം; വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു, ഗുരുതര പരിക്ക്..

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടുമുറ്റത്ത് ജോലിയെടുക്കുന്നതിനിടെയാണ് 52 വയസ്സുള്ള വഹീദ എന്ന വീട്ടമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് വഹീദയുടെ ഇടത് ചെവിയുടെ ഒരു ഭാഗം പൂർണ്ണമായും നഷ്ടപ്പെട്ടു.

വൈകുന്നേരം ഏകദേശം 5 മണിയോടെയാണ് സംഭവം നടന്നത്. വഹീദ വീട്ടുമുറ്റത്ത് പുല്ലു പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പിന്നിലൂടെ ഓടിവന്ന തെരുവുനായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. നായ പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ പ്രതിരോധിക്കാൻ വീട്ടമ്മയ്ക്ക് സാധിച്ചില്ല.

വഹീദയെ ഉടൻതന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

ഇന്നേ ദിവസം ഗുരുവായൂർ മേഖലയിൽ തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാമത്തെ ആളാണ് വഹീദ. വൈകുന്നേരം മാത്രം മൂന്ന് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ് എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ തെരുവുനായ ആക്രമിച്ചിരുന്നു.

Related Articles

Back to top button