കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ.. 5 വയസ് വരെ പ്രായമുള്ള 21 ലക്ഷം കുഞ്ഞുങ്ങൾക്ക്..

പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുള്ള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ രക്ഷാകർത്താക്കളും 5 വയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ ഒക്ടോബർ 12-ന് വൈകിട്ട് 8 മണി മണിവരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും ഒക്ടോബർ 12, 13, 12,13,14 തീയതികളിൽ പ്രവർത്തിക്കും.

ഒക്ടോബർ 12-ന് ബൂത്തുകളിൽ തുളളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button