ട്രംപിന്റെ കാത്തിരിപ്പ് വിഫലമായി.. സമാധാന നൊബേൽ ലഭിച്ചത് ഈ നേതാവിന്..
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വലയിലെ പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മരിയ കൊറീന മചാഡോ ആണ് പുരസ്‌കാര ജേതാവായത്. ജനാധിപത്യ പോരാട്ടത്തിനാണ് മരിയ കൊറീന മചാഡോയ്ക്ക് ഈ അംഗീകാരം ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി. ട്രംപിനെ നൊബേൽ കമ്മിറ്റി അവാർഡിന് പരിഗണിച്ചില്ല.
സമാധാന നൊബേൽ ലഭിക്കുന്ന 20-ാമത്തെ വനിത കൂടിയാണ് മരിയ. നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്. നോർവേയിലെ ഓസ്ലോയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നായിരുന്നു പ്രഖ്യാപനം.
ഈ വർഷം 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ ആകെ 338 നാമനിർദേശങ്ങളാണ് സമാധാന നൊബേലിനായി പരിഗണിച്ചത്. സമ്മാന ജേതാവിന് ഡോക്ടർ ആൽഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യൺ സ്വീഡിഷ് ക്രോണും ലഭിക്കും.