സംസാരിച്ച് നിൽക്കുന്നതിനിടെ ബോധമറ്റ് നിലത്തുവീണു, ആലപ്പുഴ മെഡിക്കൽ കോളജ്‌ ആശുപത്രിയിലെത്തി എക്‌സ്റേ എടുത്ത് നോക്കിയപ്പോൾ.. ശ്വാസനാളത്തിൽ നിന്ന് പുറത്തെടുത്തത്…

അമ്പലപ്പുഴ: രണ്ട് മണിക്കൂർ നീണ്ട ശാസ്ത്രക്രിയക്കൊടുവിൽ വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ പുറത്തെടുത്തു. ബ്രോങ്കോ സ്‌കോപ്പി പരിശോധനയിലൂടെയായിരുന്നു വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ താക്കോൽ ആലപ്പുഴ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഡോക്‌ടർമാർ പുറത്തെടുത്തത്. ഹരിപ്പാട്‌ ലക്ഷ്‌മി ഭവനത്തിൽ ചെല്ലപ്പൻ പിള്ള (77) യുടെ ശ്വാസനാളത്തിലായിരുന്നു താക്കോൽ കുടുങ്ങിയത്.

ചൊവ്വാഴ്ചയാണ് ചെല്ലപ്പൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസാരിച്ച് നിൽക്കുന്നതിനിടെ വീട്ടിൽ വെച്ച് പെട്ടെന്ന് ഇദ്ദേഹം ബോധം കേട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ എക്സ്റേ എടുത്ത് പരിശോധിച്ചപ്പോഴാണ് ശ്വാസ നാളത്തിൽ താക്കോൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുന്നത്.

തുടർന്ന് മറ്റ് ആരോഗ്യപരിശോധനകളെല്ലാം നടത്തിയ ശേഷം ഇദ്ദേഹത്തെ ബുധനാഴ്‌ച ബ്രോങ്കോ സ്‌കോപ്പിക്ക്‌ വിധേയനാക്കുകയായിരുന്നു. പുറത്തെടുത്ത താക്കോൽ അടുത്ത ദിവസങ്ങളിൽ വയോധികന്റെ ശ്വാസനാളത്തിൽ കുടുങ്ങിയതല്ലെന്നും താക്കോൽ ഉള്ളിൽ പോയിട്ട് മാസങ്ങളായിട്ടുണ്ടെന്നും ഡോക്‌ടർമാർ പറഞ്ഞു. കാർഡിയോളജി വിഭാഗം മേധാവി ഡോ ഷഫീക്ക്‌, വാസ്‌കുലർ സർജൻ ഡോ ആനന്ദക്കുട്ടൻ, അനസ്‌തേഷ്യ വിഭാഗം പ്രഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ എ ഹരികുമാർ, അനസ്‌തേഷ്യ വിഭാഗം പ്രാഫസർ ഡോ വിമൽപ്രദീപ്‌, ജൂനിയർ റസിഡന്റ്‌ ഡോ ജോജി ജോർജ്‌ എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ നിലയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ചെല്ലപ്പൻ പിള്ളയെ ഡിസ്ചാർജ് ചെയ്തു . എന്നാൽ താക്കോൽ എങ്ങനെ ഉള്ളിൽ പോയെന്ന്‌ അറിയില്ലന്ന്‌ ചെല്ലപ്പൻ പിള്ള പറഞ്ഞു.

Related Articles

Back to top button