യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം; കീഹോൾ ശസ്ത്രക്രിയ 2 തവണയും പരാജയം..
യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയം. കിഹോൾ ശസ്ത്രക്രിയ രണ്ട് തവണ പരാജയപ്പെട്ടു. കിഹോൾ വഴി ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. മേജർ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. സുമയ്യ നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിടും. ഇന്നലെയാണ് സുമയ്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. മേജർ ശസ്ത്രക്രിയ നടത്തി ഗൈഡ് വയർ പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പിഴവുണ്ടായത്.
കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, ഡോഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നായിരുന്നു നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. എന്നാൽ, ശ്വാസമുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.