സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി; അപേക്ഷ ന്യായമെന്ന് കെ.ടി. ജലീൽ
സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മറുപടിയുമായി കെ.ടി. ജലീൽ എംഎൽഎ. ന്യായമായും ഒരു എയ്ഡഡ് കോളേജ് അധ്യാപകന് ലഭിക്കേണ്ട അവകാശം കിട്ടാനാണ് അപേക്ഷ നൽകിയതെന്നും എംഎൽഎ ആയതുകൊണ്ടുമാത്രം ആ അവകാശം ഒരാൾക്ക് നിഷേധിക്കുന്നത് നീതികേടല്ലേ എന്നും ജലീൽ ചോദിക്കുന്നു.
ഭരണസ്വാധീനമുപയോഗിച്ച് അനർഹമായ പെൻഷൻ തരപ്പെടുത്താൻ കെ.ടി. ജലീൽ എംഎൽഎ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ. റസാഖാണ് ഗവർണർക്ക് പരാതി നൽകിയത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന ജലീലിന് പെൻഷൻ അനുവദിക്കുന്നതിനായി സർവീസ് ബുക്ക് തിരുത്താനുള്ള നടപടികൾ ആരംഭിച്ചെന്നാണ് പരാതി.
2021 മേയിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക കൊടുക്കുന്നതിന്റെ ഒരാഴ്ചമുൻപാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ജോലി രാജിവെക്കണമെന്ന ഹൈക്കോടതി വിധി വന്നത്. എയ്ഡഡ് കോളേജിൽ അധ്യാപകനായിരുന്ന ജലീലിന് വൊളന്ററി റിട്ടയർമെന്റിന് അപേക്ഷിക്കണമെങ്കിൽ വ്യവസ്ഥയനുസരിച്ച് മൂന്നുമാസം മുൻപ് അപേക്ഷിക്കണമായിരുന്നു. മൂന്നുമാസം മുൻപുള്ള തീയതിയിട്ട് സ്വയം വിരമിക്കൽ അപേക്ഷ നൽകാമായിരുന്നെങ്കിലും അതു ചെയ്യാതിരുന്നത് മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ടായിരുന്നെന്ന് കെ.ടി. ജലീൽ പറഞ്ഞു.
പത്രിക സ്വീകരിക്കണമെങ്കിൽ ജോലി രാജിവെക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്ത് നൽകാൻ തീരുമാനിച്ചത്. പത്രിക നൽകി രണ്ടുദിവസം കഴിഞ്ഞപ്പോൾ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തന്റെ രാജി ടെക്നിക്കൽ രാജിയായി പരിഗണിക്കണമെന്നും തിരൂരങ്ങാടി കോളേജിൽ ജോലിചെയ്ത പന്ത്രണ്ടര വർഷത്തെ സേവനം കണക്കാക്കി പെൻഷനും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാനേജർക്ക് അപേക്ഷ നൽകിയതെന്നും ജലീൽ പറഞ്ഞു.