മംഗള എക്സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാർ.. ട്രെയിനുകൾ വൈകിയോടുന്നു..
മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു. ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വെച്ച് പുലർച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസാണ് എൻജിൻ തകരാറിനെ തുടർന്ന് നിലച്ചത്. പിന്നീട് ഷൊർണൂരിൽ നിന്ന് എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകൾ കടത്തിവിട്ടത്. തകരാർ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു.
എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകി. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയാണ് എത്തുക. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് നാലു മണിക്കൂർ വൈകിയാണ് ഓടിയത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ
∙ 12618 മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (3 മണിക്കൂർ 23 മിനിറ്റ്)
∙ 12218 കേരള സമ്പർക്കക്രാന്തി എക്സ്പ്രസ് (1 മണിക്കൂർ 12 മിനിറ്റ്)
∙ 12081 കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി (1 മണിക്കൂർ 11 മിനിറ്റ്)
∙ 16308 കണ്ണൂർ ആലപ്പുഴ ഇൻറർസിറ്റി (49 മിനിറ്റ്)