‘അശ്ലീലമായ രീതിയില്‍ ആംഗ്യങ്ങള്‍ കാണിച്ചു.. മോശം വാക്കുകള്‍ ഉപയോഗിച്ചു’.. മധു ബാബുവിനെതിരെ നിര്‍മാതാവ്…
കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിര്‍മാതാവ് ഷീല കുര്യന് ഹൈക്കോടതിയില്‍. മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോട് വിശദീകരണം തേടി. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചു. ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണം. നവംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കും.
2021ല്‍ തന്റെ പക്കല്‍ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. തുടര്‍ച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്നും പിറ്റേന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും ഷീല പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഡിവൈഎസ്പി വിളിപ്പിച്ചു. ആലപ്പുഴ സ്വദേശിയും ഹാജരായിരുന്നു.
പരാതി കേള്‍ക്കുന്നതിനു പകരം മോശം വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയില്‍ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തെന്നാണ് ഷീലയുടെ പരാതി. തുടര്‍ന്ന് മധു ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ഒടുവില്‍ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഷീല ഹൈക്കോടതിയെ സമീപിച്ചത്.