വൂഷു മത്സരത്തിനിടെ വിദ്യാർത്ഥിക്ക് കൈക്ക് രണ്ടിടത്ത് പൊട്ടൽ; മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം
വൂഷു മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂർ ഉപജില്ലാ സ്കൂൾ വൂഷു, ജൂഡോ മത്സരങ്ങൾക്കിടെയാണ് സംഭവമുണ്ടായത്.
ചെറിയപറപ്പൂർ ഇഖ്റഅ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ആദിലിനാണ് പരിക്കേറ്റത്. കുട്ടിയുടെ കൈയുടെ രണ്ട് ഭാഗത്ത് പൊട്ടലുള്ളതായി ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.
മത്സരം നടത്തുന്നിടത്ത് നിർബന്ധമായും മെഡിക്കൽ സംഘം ഉണ്ടായിരിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ ഉപജില്ലാ മത്സരം നടക്കുന്ന ഇടത്ത് മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ല. ഇത് വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വിദ്യാർത്ഥിക്ക് പരിക്കേൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.