ആശങ്ക വേണ്ട, ക്യാൻസര്‍ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആര്‍സിസി…

തിരുവനന്തപുരം: മരുന്ന് മാറി വിതരണം ചെയ്ത മരുന്ന് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ആര്‍സിസി. ഗുജറാത്തിലെ ഗ്ലോബല ഫാർമ എന്ന കമ്പനിക്കാണ് വിലക്കേർപ്പെടുത്തിയത്. ശ്വാസകോശ ക്യാൻസർ ബാധിതർക്ക് നൽകുന്ന കീമോതെറാപ്പി ഗുളികയുടെ പേരെഴുതിയ പാക്കറ്റിൽ, തലച്ചോർ ക്യാൻസറിനുള്ള മരുന്ന് കമ്പനി വിതരണം ചെയ്തതായി ആർസിസി കണ്ടെത്തിയിരുന്നു.

രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആര്‍സിസി വ്യക്തമാക്കി. ആര്‍സിസി ജീവനക്കാരാണ് ആദ്യം പിഴവ് കണ്ടെത്തിയത്. പിന്നാലെ സംസ്ഥാന ഡ്രഗ് കണ്ട്രോളറെ വിവരം അറിയിക്കുകയായിരുന്നു. രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് മുമ്പേ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആർസിസി അറിയിക്കുന്നു.

ഗ്ലോബല ഫാർമയിൽ നിന്ന് ഇനി മരുന്നുകൾ എടുക്കില്ലെന്നും ആർസിസിയുടെ തീരുമാനം. നിയമപരമായ നടപടികൾ ഡ്രഗ് കൺട്രോളറുടെ ഭാഗത്തുനിന്ന് ഉണ്ടാകും. സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് മരുന്ന് കമ്പനിക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button