തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച.. തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്…
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്ന് മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകൾ മാറി നൽകാനിടയാക്കിയത്.
2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റിൽ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയ കാര്യം മനസിലായതോടെ വിതരണം പൂർണമായും നിർത്തി.
മരുന്ന് കമ്പനിയായ ഗുജറാത്തിലെ ഗ്ലോബെൽ ഫാർമ നിർമ്മിച്ചവയിലാണ് പിഴവ് സംഭവിച്ചത്. കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ് കൺട്രോളർ കേസെടുത്തു. 2024 സെപ്റ്റംബർ രണ്ടിന് എത്തിച്ച പാക്കിങ്ങുകളിലായിരുന്നു പിഴവ്. മരുന്ന് നിർമിച്ച കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. മരുന്ന് നൽകിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.