രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ…..

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ. രാഷ്ട്രപതിയെ വാഹനത്തിൽ സന്നിധാനത്ത് എത്തിക്കുന്ന കാര്യത്തിലാണ് വ്യക്തത തേടിയത്. ഈ മാസം 22 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാഷ്ട്രപതി ഭവൻ തയ്യാറാക്കി നൽകിയ സന്ദർശന പരിപാടിയിൽ പ്രത്യേക വാഹനത്തിൽ വിവിഐപി പമ്പയിൽ നിന്നും സന്നിധാനത്തെത്തുമെന്നാണ് അറിയിച്ചത്. ഏതാണ് സ്പെഷ്യൽ വാഹനം എന്നതിലാണ് സർക്കാർ വ്യക്തത തേടിയത്. നിലവിൽ സന്ദർശനത്തിനെത്തുന്ന വിവിഐപികളെല്ലാം ഒന്നുങ്കിൽ കാൽനടയായോ അല്ലെങ്കിൽ ഡോളിയിലോ ആണ് സന്നിധാനത്തെത്തുന്നത്. ആരോഗ്യവകുപ്പിൻ്റെ രണ്ട് ആംബുലൻസുകളും, വനംവകുപ്പിൻ്റെ ഒരു ആംബുലൻസുമാണ് ഇപ്പോൾ ശബരിമലയിലുള്ളത്.

സന്നിധാനത്തുവച്ച് രോഗബാധിതരാകുന്നവരെ മാത്രം ആംബുലൻസിൽ കൊണ്ടുപോകാനാണ് ഹൈക്കോടതിയുടെ അനുമതി. രാഷ്ട്രപതി വരുമ്പോൾ ഏത് സ്പെഷ്യൽ വാഹനം ഉപയോഗിക്കുമെന്നാണ് ഇപ്പോൾ ആശങ്ക. രാഷ്ട്രപതി ഭവൻ സൈനിക വാഹനം ക്രമീകരിച്ചാലും സ്വാമി അയ്യപ്പൻ റോഡിൽ ഓടിച്ച് പരിശീലിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. നിലവിലുള്ള ആംബുലൻസിലാണ് പോകുന്നതെങ്കിൽ അത് ഓടിക്കുന്ന ഡ്രൈവർമാർക്ക് വിവിഐപികളെ കൊണ്ടുപോയി പരിചയമില്ല. ഈ വാഹനത്തിലെ ഡ്രൈവർമാർക്ക് എസ്പിജി അനുമതി നൽകുമോയെന്നും വ്യക്തമല്ല. ഇത്തരം കാര്യങ്ങളിൽ വ്യക്തത തേടാനാണ് രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി തല ഏകോപന യോഗം തീരുമാനിച്ചത്. രാഷ്ട്രപതി ഭവന്റെ വ്യക്തത വന്നാലും ഹൈക്കോടതിയുടെ അനുമതിയും ദേവസ്വം ബോർഡ് തേടേണ്ടിവരും.

Related Articles

Back to top button