നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറി.. പോലീസിൽ പരാതിയുമായി നടി സനുഷ…

ട്രാഫിക്ക് നിയമം ലംഘിച്ചു ബസോടിക്കുകയും നടുറോഡില്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറുകയും ചെയ്ത ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി നടി സനുഷ. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലാണ് സനുഷ പരാതി നല്‍കിയത്.

ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണൂര്‍ നഗരത്തിലാണ് സനുഷയും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നത്. സനുഷയോടിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് കുറുകെയിട്ടു ഡ്രൈവര്‍ തടയുകയായിരുന്നു. പ്രകോപിതരായ ബസ് ജീവനക്കാര്‍ സനുഷയോടും അച്ഛന്‍, അമ്മ എന്നിവരോട് കയര്‍ത്തു സംസാരിക്കുകയും സനുഷയുടെ അനുമതിയില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ഇതേ തുടര്‍ന്നാണ് കുടുംബം കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് ബസ് ജീവനക്കാരെ വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയച്ചു. കേസിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞതോടെ നിയമനടപടികള്‍ ഒഴിവാക്കുകയായിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ വളരെ രഹസ്യമായാണ് സനുഷ പരാതി നല്‍കാനെത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് ലണ്ടനില്‍ പഠിക്കുന്ന സനുഷ നവരാത്രി ആഘോഷങ്ങള്‍ക്കായാണ് നാട്ടിലെത്തിയത്.

Related Articles

Back to top button