ഡോക്ടർക്കുള്ള വെട്ട് മന്ത്രിക്കും ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു;കുറ്റബോധമില്ലാതെ പ്രതി

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. ഡോക്ടർക്കുള്ള വെട്ട് വീണാ ജോർജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പ്രതികരണം. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ സനൂപ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിപിൻ എന്ന ഡോക്ടർക്ക് നേരെയായിരുന്നു ആക്രമണം. വടിവാൾ ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു. രണ്ട് മക്കൾക്കൊപ്പമായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. മക്കളെ പുറത്ത് നിർത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയിൽ എത്തി. ഇതിനിടെയാണ് ഡോക്ടർ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയിൽ പത്ത് സെന്റീമീറ്റർ നീളത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഹെഡ് ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓർമയുണ്ട്. ഡോക്ടറുടെ തലയിൽ മൈനർ സർജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർ വിപിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെജിഎംഒ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കെജിഎംഒഎ സംസ്ഥാന അധ്യക്ഷൻ ഡോ. സുനിൽ പി കെ പറഞ്ഞു. ആശുപത്രി സംരക്ഷണ ഭേദഗതി ബിൽ നടപ്പിലാക്കിയത് ഭാഗികമായാണ്. ഡോക്ടർമാർക്ക് ഒരു സുരക്ഷയും ഇല്ല. എക്‌സ് സർവ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കേണ്ടത്. എന്നാൽ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നത്. പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം നടപ്പിലാക്കിയില്ല. എസ്‌ഐഎസ്എഫും പ്രഖ്യാപനത്തിൽ ഒതുങ്ങി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമെന്നും ഡോ. സുനിൽ പി കെ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില് ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

Related Articles

Back to top button