ദേശീയപാത കരാർ കമ്പനിക്ക് 50,000 രൂപ പിഴയിട്ട് കൊടകര ഗ്രാമപഞ്ചായത്ത്; കാരണം..

കൊടകര ഗ്രാമപഞ്ചായത്തിൽ ദേശീയപാത നിർമ്മാണ കരാർ കമ്പനിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ജില്ലാ എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി. ജൈവമാലിന്യങ്ങൾ പുറത്ത് കൂട്ടിയിട്ടതായും അജൈവ മാലിന്യം വലിച്ചെറിഞ്ഞതായും ദ്രവമാലിന്യം തൊട്ടടുത്തുള്ള പാടശേഖരത്തേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി. പൊതു ശുചിത്വമില്ലായ്മയും പരിശോധനയിൽ കണ്ടു.

കേരള പഞ്ചായത്ത്‌രാജ് ആക്ടിലെ വിവിധ സെക്ഷനുകൾ പ്രകാരം അമ്പതിനായിരം രൂപ പിഴ ചുമത്തി കരാർ കമ്പനി മാനേജർക്ക് നോട്ടീസ് നൽകി. കൂടാതെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ബാർ ഹോട്ടലുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. അശാസ്ത്രീയ മാലിന്യ സംസ്‌കരണം കണ്ടെത്തുകയും പല സ്ഥലങ്ങളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടു.

വീഴ്ച പറ്റിയ സ്ഥാപനങ്ങൾക്ക് വിവിധ സെക്ഷനുകൾ പ്രകാരം പിഴ ചുമത്തി നോട്ടീസ് നൽകി. ആകെ 70000 രൂപ പിഴ ചുമത്തി. ജില്ലാ സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം രശ്മി പി.എസ്, കൊടകര ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സുനിൽ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ലിധിൻ ദേവസി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button