ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ട്രാൻസ്ഫർ..

ആലപ്പുഴ: കസ്റ്റഡി മര്‍ദന ആരോപണം നേരിട്ട ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഡിവൈഎഫ്‌ഐ നേതാവ് അടക്കം മധുബാബുവിനെതിരെ കസ്റ്റഡി മര്‍ദ്ദന ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥലംമാറ്റം. ബിജു വി നായര്‍ ആലപ്പുഴ ഡിവൈഎസ്പിയാകും.

കോന്നി സിഐ ആയിരിക്കെ മധുബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ അടക്കം രംഗത്തെത്തിയിരുന്നു. 2012- 13ല്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത്, അന്ന് കോന്നി സിഐ ആയിരുന്ന മധുബാബു തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്നാണ് ജയകൃഷ്ണൻ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടിച്ചുപൊട്ടിച്ച ശേഷം കുരുമുളക് സ്‌പ്രേ അടിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button