തദ്ദേശസ്ഥാപന വാർഡ് സംവരണം: നറുക്കെടുപ്പ് തിങ്കളാഴ്ച മുതൽ..
പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, മുനിസിപ്പൽ കോർപ്പറേഷനുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയും അധികാരപ്പെടുത്തി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് വെബ്സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബർ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയതികളിൽ രാവിലെ 10 ന് കണ്ണൂർ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടക്കും.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10നാണ്. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടത്തും.