സിഎംആർഎൽ-എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം വേണം; മാത്യു കുഴൽനാടൻ സുപ്രീംകോടതിയിൽ
സിഎംആർഎൽ-എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകി മാത്യു കുഴൽനാടൻ എംഎൽഎ. അന്വേഷണ ആവശ്യം തളളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. മാത്യു കുഴൽനാടന്റെ അപ്പീൽ സുപ്രീംകോടതി നാളെ പരിഗണിക്കും. സിഎംആർഎൽ-എക്സാലോജിക് കരാറിൽ അഴിമതിയുണ്ടെന്ന മാത്യൂ കുഴൽനാടൻ എംഎൽഎയുടെ വാദങ്ങൾ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
മാസപ്പടി വിവരങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്തെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.