യുവജനങ്ങളെ വായനയിലേക്ക് ആകര്‍ഷിക്കണം…സംസ്ഥാനത്ത് 100 വായനശാലകള്‍….
ആലപ്പുഴ: യുവാക്കളെ കൂടുതലായി വായനയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ച് സംസ്ഥാനത്ത് 100 വായനശാലകള്‍ ആരംഭിക്കാന്‍ ഒരുങ്ങി കെപിസിസി സംസ്‌കാരസാഹിതി. എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നും 1000 പുസ്തകങ്ങള്‍ വീതം സമാഹരിച്ചാണ് വായനശാല ആരംഭിക്കുന്നത്. പ്രേം നസീര്‍ സാഹിതി എന്ന പേരിലുള്ള ആദ്യ വായനശാല നവംബര്‍ 14-ന് ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനമാരംഭിക്കും. അതാത് പ്രദേശത്തെ പ്രഗത്ഭരുടെ പേരിലായിരിക്കും സംസ്‌കാരസാഹിതിയുടെ ഈ വായനശാലകള്‍ അറിയപ്പെടുക.
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ വായനശാലയ്ക്കായി മൂന്ന് സെന്റ് സ്ഥലം വാങ്ങി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് നീക്കം. അതുവരെ വാടകകെട്ടിടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകളിലും സൗജന്യമായി ലഭിക്കുന്ന ഇടങ്ങളിലുമായിരിക്കും പ്രവര്‍ത്തിക്കുക. തുടര്‍ന്ന്, ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും സ്‌കൂളുകളിലെ വായനശാലകളിലേക്ക് പുസ്തകങ്ങളെത്തിക്കുകയും ചെയ്യും.വായനശാലയിലേക്കുള്ള പുസ്തകശേഖരണത്തിനായി സാഹിതിയുടെ പുസ്തകവണ്ടി പ്രയാണം ആരംഭിച്ചു.