വന്ധ്യതാ ചികിത്സയിൽ പുത്തൻ പ്രതീക്ഷ.. ചർമ്മ കോശങ്ങളിൽ നിന്ന് അണ്ഡം സൃഷ്ടിച്ച് ഗവേഷകർ…

മനുഷ്യന്‍റെ ചർമ്മകോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ അണ്ഡങ്ങൾ സൃഷ്ടിക്കാൻ സാധിച്ചേക്കുമെന്ന് പഠനം. സ്വാഭാവികമായി ഉണ്ടാവുന്ന അണ്ഡങ്ങൾ പ്രവർത്തനരഹിതമായ സ്ത്രീകൾക്ക് അവരുടെ സ്വന്തം ജനിതക പരമ്പരയിൽ നിന്ന് കുട്ടികളെ നിർമ്മിക്കാൻ ഇത് വഴി സാധ്യമാവും എന്നാണ് നേച്ചർ കമ്മ്യൂണിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രാഥമികമായ ലാബ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ഏറെ സുരക്ഷാ ആശങ്കകളുള്ള ഈ പ്രക്രിയയിൽ, സ്ത്രീയുടെ ചർമ്മകോശത്തിൽ നിന്ന് ന്യൂക്ലിയസ് നീക്കം ചെയ്യുകയും ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡത്തിൽ അത് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.
പരീക്ഷണം വിജയിച്ചാല്‍ പ്രായം ചെന്നതോ അണ്ഡോത്പാദന ശേഷിയില്ലാത്തതോ ആയ സ്ത്രീകളില്‍ പ്രത്യുത്പാദനത്തിന് അവസരമൊരുങ്ങും. അണ്ഡങ്ങളുടെയോ ബീജങ്ങളുടെയോ അഭാവം മൂലം കുട്ടികളുണ്ടാവാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷനല്‍കുന്നതിനൊപ്പം ഈ രീതി ഉപയോഗിച്ച് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ജനിതകമായി തന്നെ കുട്ടിയുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജീവ ശാസ്ത്രജ്ഞനായ ഷൗഖ്രത് മിത്താലിപോവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തിലാണ് മനുഷ്യചര്‍മ്മത്തിലെ കോശങ്ങളെ അണ്ഡകോശങ്ങളാക്കി പുനര്‍നിര്‍മ്മിച്ച ഈ ഗവേഷണം നടന്നത്. പിന്നീട് ലാബില്‍ വച്ച് വിജയകരമായി ബീജസങ്കലനം നടത്തുകയായിരുന്നു. ‘മൈറ്റോമിയോസിസ്’ എന്ന് വിളിക്കുന്ന ഒരു പുതിയ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടുപിടുത്തം.


