ശക്തി ചുഴലിക്കാറ്റ് തീരത്തേക്ക്, അതീവ ജാഗ്രത….
അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറത്തിറക്കി.മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതോടെ തീരദേശ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തീരദേശ ജില്ലകളോട് സജ്ജമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ, ‘ശക്തി’ ചുഴലിക്കാറ്റ് കൂടുതൽ അറബിക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഗുജറാത്തിലെ ദ്വാരകയിൽ നിന്ന് ഏകദേശം 420 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ചയോടെ വടക്ക്-പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന പടിഞ്ഞാറ്-മധ്യ അറബിക്കടലിൽ എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ‘ശക്തി’ വീണ്ടും ദിശ മാറി കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും, പിന്നീട് ക്രമേണ ദുർബലമാവുകയും ചെയ്യും.