ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും വേദരുദ്രൻ, വീട്ടിൽ ആഭിചാരക്രിയകള്‍, അച്ഛനെ ആക്രമിച്ചത് വീടിന്‍റെ രേഖകള്‍ എടുക്കാനെത്തിയപ്പോള്‍

തൃശൂര്‍ മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയശേഷം മകൻ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തിൽ ദുരൂഹത. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകന്‍റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. മകൻ വിഷ്ണുവാണ് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്നത്. വിഷ്ണുവിനെ അനുനയിപ്പിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, വീട്ടിലെ മുറിയിൽ ആഭിചാരക്രിയ നടത്തിയതിന്‍റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വെച്ചതായും കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വേദരുദ്രൻ എന്ന പേരില്‍ അക്കൗണ്ടുള്ള വിഷ്ണു ആയോധന കലകളുടെയടക്കം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തൃശൂലം പിടിച്ചു നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. റീൽസ് വീഡിയോകളും ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.  

കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടിൽ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകൾ നടത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളെ ഇറക്കി വിട്ടശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനിൽ വീട് പാസായിരുന്നു. സ്ഥലത്തിന്‍റെ രേഖകൾ എടുക്കാൻ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് സ്ഥലത്ത് ആത്മ​​ഹത്യ ഭീഷണി മുഴക്കി നിൽക്കുന്ന വിഷ്ണുവിനെ കണ്ടത്.ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ശിവന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വീടിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്നത് കണ്ടതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ സഹായത്താൽ തൊട്ടടുത്ത ജനൽ പൊളിക്കാനായി രണ്ടാം നിലയിലേക്ക് ഓടിന്റെ പുറത്തുകൂടി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുകളിലെത്തി. കൂടുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിയാതെ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്സിനും നേരെ തിരിയുകയാണ് വിഷ്ണു. ജനൽ പൊളിച്ച് യുവാവിനെ പുറത്തെത്തിക്കാനാണ് ശ്രമം. ജനൽ പൊളിച്ച് കടന്ന പൊലീസിനുനേരെ വിഷ്ണു മുളക് പൊടിയെറിഞ്ഞു.

Related Articles

Back to top button