വിജയ് യെ , വിമർശിച്ച് കോടതി.. കാരവാൻ പിടിച്ചെടുക്കാൻ ഉത്തരവ്..

ടിവികെ നേതാവും നടനുമായ വിജയ് യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി ബസ് പിടിച്ചെടുക്കാൻ ഉത്തരവിട്ടത്. വിജയ് യുടെ കാരവാൻ നാമക്കൽ പോലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ് കൈമാറിയിട്ടുണ്ട്.

തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയിൽപെട്ടിട്ടും ബസ് നിർത്താതെ മുമ്പോട്ട് എടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഇത് സാധാരണഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി പോലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

പ്രദേശത്തുള്ള സിസിടിവികളും വിജയ് യുടെ പ്രചരണ ബസിനകത്തുനിന്നും പുറത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

കരൂരിൽ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ നടൻ വിജയ് ഉൾപ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലംവിട്ട ടിവികെ നേതാക്കളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

‘ദുരന്തമുണ്ടായ ഉടൻ നേതാവ് സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയാണ് ചെയ്തത്. അത് നേതാക്കൾക്കു പറ്റിയ ഗുണമല്ലെന്നു പറയേണ്ടിവന്നതിൽ ദുഃഖമുണ്ട്. ആപത്തിൽപ്പെട്ടവരെ രക്ഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമാണ്. എത്രയോ കുട്ടികൾക്കും സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. പക്ഷേ, നേതാക്കൾക്ക് ഒട്ടും പശ്ചാത്താപമില്ല.’ -കോടതി പറഞ്ഞു. ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്ഐടി) സംഭവം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.

Related Articles

Back to top button