അടിച്ച് മോനേ…! ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു….
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അർഹമായത്. ഒരുകോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്കാണ്.
അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അർഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതൽ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിയത്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം വിറ്റത്.
ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചതിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളിൽ പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. തൃശൂരിൽ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.