ശ്വാസം മുട്ടിച്ച് കൊന്നു, മൃതദേഹം കാറിലാക്കി കൊക്കയിൽ തള്ളി.. വീട്ടമ്മയുടെ കൊലപാതകത്തിന് പിന്നിൽ.. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്…

കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ജെസിയുടെ ഭർത്താവ് സാം കെ ജോർജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ മാസം 26 നാണ് അൻപതുകാരിയായ കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കൾ 26ന് ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നു. 29ന് മക്കൾ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാമിനെ പറ്റി ചില സംശയങ്ങൾ തോന്നി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. സെപ്റ്റംബർ 26നാണ് സാം ജോർജ് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊന്നതിനുശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളിയത്. ഇയാളുടെ മൊഴി അനുസരിച്ച് ഇന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്.

Related Articles

Back to top button