ഒടുവിൽ താഴെയിറങ്ങി…മരത്തിന് മുകളിൽ കുടുങ്ങിയ…
നഗരത്തെ ആശങ്കയിലാക്കിയ പെരുമ്പാമ്പിനെ പിടികൂടി. വടി ഉപയോഗിച്ച് പാമ്പിരുന്ന മരത്തിന്റെ മറ്റൊരു ചില്ലയിൽ ശബ്ദമുണ്ടാക്കുകയും പാമ്പിനെ താഴേക്ക് എത്തിക്കുകയുമായിരുന്നു. മരത്തിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ തൽക്കാലം പിടിക്കേണ്ടെന്നായിരുന്നു വനം വകുപ്പ് തീരുമാനമെടുത്തിരുന്നത്. വെള്ളം മരത്തിനു മുകളിലേക്ക് പമ്പ് ചെയ്ത് താഴെ ഇറക്കാൻ ശ്രമിച്ചാൽ പാമ്പിന് അപകടമാകുമെന്ന വിലയിരുത്തലിലാണ് പാമ്പ് താഴെയിറങ്ങും വരെ കാത്തിരിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പാമ്പിനെ നിരീക്ഷിക്കാൻ വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറെയും ചുമതലപ്പെടുത്തിയിരുന്നു. സ്നേക്ക് റെസ്ക്യൂവറാണ് ചില്ലയിൽ ശബ്ദമുണ്ടാക്കി പാമ്പിനെ താഴേക്ക് എത്തിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മരത്തിന് മുകളിലായി പെരുമ്പാമ്പിനെ കണ്ടത്. എറണാകുളത്തപ്പന് ഗ്രൗണ്ടിനടുത്ത് ഗാന്ധി സ്ക്വയറിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ പാമ്പിനെ കണ്ടതോടെ ആളുകൂടിയിരുന്നു. വെളളം ചീറ്റിയാല്‍ പാമ്പിനെ താഴെയിടാമെന്നാണ് ഫയര്‍ ഫോഴ്സ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, താഴെ വീണാല്‍ പാമ്പു ചത്താലോയെന്ന വനം വകുപ്പിന്റെ ആശങ്കയെ തുടർന്ന് പാമ്പ് താഴെയിറങ്ങും വരെ കാത്തിരിക്കാനായിരുന്നു തീരുമാനം.