‘രാഷ്ട്രനീതി’… സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾ ആർ.എസ്.എസിനെയും സ്വാതന്ത്ര്യസമര സേനാനികളെയും കുറിച്ച് പഠിക്കും…

രാഷ്ട്രനീതി എന്ന പുതിയ വിദ്യാഭ്യാസ സംരംഭത്തിലൂടെ ഡൽഹിയിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം. വീർ സവർക്കർ, ശ്യാമ പ്രസാദ് മുഖർജി, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് വിദ്യാർത്ഥികളെ ഉടൻ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആര്‍എസ്എസ് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പഠിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

1 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ പൗരബോധം, ധാർമ്മിക ഭരണം, ദേശീയത എന്നിവ വളർത്തുകയാണ് ലക്ഷ്യം. ആർ‌എസ്‌എസിന്‍റെ ഉത്ഭവം, ചരിത്രം, തത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവന എന്നിവ പഠിപ്പിക്കാനാണ് നീക്കം. ആർ‌എസ്‌എസിന്‍റെ ആശയങ്ങൾ, രക്തദാന പ്രവർത്തനങ്ങൾ, ഭക്ഷ്യ വിതരണം, കേദാർനാഥ്, ബിഹാർ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളിലെ പ്രവര്‍ത്തനം, കോവിഡ് മഹാമാരി സമയത്തുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സംഘടനയുടെ പങ്കിനെക്കുറിച്ചും പഠിപ്പിക്കും.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ആർ‌എസ്‌എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ സംഭാവനകളെക്കുറിച്ചും പാഠ്യപദ്ധതിയിലുണ്ടാകും. ഇതിനായി എസ്‌സി‌ഇ‌ആർ‌ടി അധ്യാപക മാനുവലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകൾ നടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ‘നമോ വിദ്യാ ഉത്സവ്’ എന്ന പേരിൽ അവതരിപ്പിച്ച മൂന്ന് പുതിയ പാഠ്യപദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ഭാരത് മണ്ഡപത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രാഷ്ട്രനീതി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഭരണം, ജനാധിപത്യം, സജീവ പൗരത്വം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അധ്യാപകരെ പിന്തുണയ്ക്കുന്നതിനായി, കൈപ്പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ എസ്‌സിഇആർടിയിൽ പരിശീലന സെഷനുകൾ നടക്കുന്നുണ്ട്. പുതിയ അധ്യായങ്ങൾ പഠിക്കുന്ന പ്രത്യേക ക്ലാസുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ ഇപ്പോഴും അന്തിമമാക്കിയുകൊണ്ടിരിക്കുകയാണ്.

Related Articles

Back to top button