കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വർധിപ്പിച്ചു.. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ…
കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വർധിപ്പിച്ച് സർക്കാർ. ദീപാവലിക്കും വിജയദശമിക്കും മുന്നോടിയായാണ് വർധനവ്. ഡിയർനെസ് അലവൻസ്(ഡി.എ) മൂന്നുശതമാനമാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ജൂലൈ ഒന്നുമുതൽ ഡി.എ വർധനവ് പ്രാബല്യത്തിൽ വരും. ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് മാസത്തെ ഡിഎ കുടിശ്ശിക കൂടി ലഭിക്കും. ഏതാണ്ട്1.15 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.
ഈ വർഷത്തെ രണ്ടാമത്തെ ഡി.എ വർധനവാണ് ഇത്. ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിപ്പിച്ചിരുന്നു.വിലക്കയറ്റം നേരിടാനായി നിലവിലുള്ള ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ 53 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമാണ് വർധിപ്പിച്ചത്. മാർച്ചിലെ വർധനവോടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 55 ശതമാനമായി മാറി. ഇപ്പോൾ മൂന്ന് ശതമാനം വർധനവ് അംഗീകരിക്കപ്പെട്ടാൽ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമാകും. ഉദാഹരണമായി, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് മാർച്ചിലെ വർധനക്ക്ശേഷം ലഭിച്ചിരുന്ന 33,000 രൂപയായിരുന്നു ഡി.എ. അത് പുതിയ വർധനവിന് ശേഷം 34,800 രൂപയായി വർധിക്കും.
ഡി.എ എങ്ങനെയാണ് കണക്കാക്കുന്നത്?
സർക്കാർ വർഷത്തിൽ രണ്ട് തവണയാണ് ഡി.എ മാറ്റം വരുത്തുന്നത്. ജനുവരി-ജൂൺ കാലയളവിലും ജൂലൈ-ഡിസംബർ കാലയളവിലും. ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡി.എ അലവൻസ് നിർണയിക്കുന്നത്. ഈ ഫോർമുല സി.പി.ഐ-ഐ.ഡബ്ല്യു ഡാറ്റയുടെ 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അന്തിമ വർധനവ് ശ്രദ്ധേയമാണ്. കാരണം ഇത് 2025 ഡിസംബർ 31 ന് കാലാവധി അവസാനിക്കുന്ന ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അവസാന ഡിഎ വർധനവായിരിക്കും. 2025 ജനുവരിയിലാണ് സർക്കാർ എട്ടാം ശമ്പള കമീഷൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ അതിന്റെ ടേംസ് ഓഫ് റഫറൻസ്, ചെയർമാൻ, അംഗങ്ങൾ എന്നിവരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആ സ്ഥിതിക്ക് എട്ടാം ശമ്പള കമീഷൻ നടപ്പാക്കുന്നത് വൈകാനാണ് സാധ്യത.