‘വിഡി സതീശൻ അഹങ്കാരി’.. ‘സംസാരിച്ചാൽ നിങ്ങൾ എന്തോ ചെയ്യും’.. പ്രതിപക്ഷ നേതാവിനോട് കോൺ​ഗ്രസ് എംഎൽഎമാരുടെ വാക്പോര്..

കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി യോ​ഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൊമ്പുകോർത്ത് സഹ എംഎൽഎമാർ. പാർലമെന്ററി പാർട്ടി യോ​ഗങ്ങൾ വിളിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തർക്കം നടന്നത്.വിഡി സതീശനെതിരെ പാർട്ടിക്കുള്ളിൽ തന്നെ നീരസം പുകയുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ചില എംഎൽഎമാരും ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.പാർലമെന്ററി പാർട്ടി യോ​ഗം തുടങ്ങിയതിനു പിന്നാലെ തന്നെ എംഎൽഎമാർ പ്രതിഷേധ സ്വരമുയർത്തുകയായിരുന്നു.

ചെറു പ്രസം​ഗത്തിനു പിന്നാലെ കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ് യോ​ഗം അവസാനിക്കുകയാണെന്നു പ്രഖ്യാപിച്ചു. രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ ഭീഷണി പരാമർശത്തിൽ പൊലീസ് നിഷ്ക്രിയത്വത്തിനെതിരായ പ്രതിഷേധത്തിൽ തനിക്കും വിഡി സതീശനും പങ്കെടുക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം യോ​ഗം പെട്ടെന്നു അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്.

എന്നാൽ ഇത് ചില എംഎൽഎമാരെ ചൊടിപ്പിച്ചു. യോ​ഗം പെട്ടെന്നു നിർത്തി വയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അവർ ചോദ്യം ചെയ്തു. സി ആർ മഹേഷ് , മാത്യു കുഴൽനാടൻ (മുവാറ്റുപുഴ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത് എന്നാണ് റിപ്പോർട്ട്.പതിവായി പാർലമെന്ററി പാർട്ടി യോ​ഗം വിളിക്കുന്നതിൽ നേതൃത്വം തികഞ്ഞ പരാജയമാണെന്നു എംഎൽഎമാർ വിമർശനമുന്നയിച്ചു. വിഡി സതീശൻ പാർലമെന്ററി പാർട്ടി യോ​ഗം വിളിക്കുന്ന രീതിയേയും എംഎൽഎമാർ വിമർശിച്ചിട്ടുണ്ട്.കഴിഞ്ഞ നാലര വർഷത്തിനിടെ പാർലമെന്ററി പാർട്ടി രണ്ടോ മൂന്നോ തവണ മാത്രമേ യോഗം ചേർന്നിട്ടുള്ളൂ. അത്തരം യോ​ഗത്തിൽ നടന്ന ചർച്ചകൾ ഫലമില്ലാതെ വെട്ടിച്ചുരുക്കി. അതുകൊണ്ടാണ് യുഡിഎഫിന്റെ ഫ്‌ളോർ മാനേജ്‌മെന്റ് ആവർത്തിച്ച് പരാജയപ്പെട്ടത് എന്നാണ് പ്രതിഷേധിച്ച എംഎൽഎമാർ പറയുന്നത്.

നിയമസഭയിൽ 20 കോൺഗ്രസ് അംഗങ്ങൾ മാത്രമുള്ളപ്പോൾ പോലും പാർലമെന്ററി പാർട്ടി യോഗം വിളിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് പാർലമെന്ററി പാർട്ടി യോഗങ്ങൾ നടന്നത്. ഇവിടെയല്ലെങ്കിൽ മറ്റെവിടെയാണ് നമ്മൾ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് എന്നും എംഎൽഎമാർ ചോദിച്ചു.യോ​ഗത്തിൽ സംഘർഷാന്തരീക്ഷം ഉടലെടുത്തതോടെ വിഡി സതീശൻ ഇടപെട്ടു. ‘മതി, മതി, ഇനി സംസാരിക്കേണ്ട’- എന്നു അദ്ദേഹം തുറന്നടിച്ചത് കൂടുതൽ പ്രകോപിപ്പിച്ചതായി എംഎൽമാരോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. വിഡി സതീശന് അഹങ്കാരമാണെന്നു എംഎൽഎമാർ കുറ്റപ്പെടുത്തി. തുടർന്നു സംസാരിച്ചാൽ എന്ത് നടപടിയെടുക്കുമെന്നും കാണട്ടേയെന്നും അവർ നേതൃത്വത്തെ വെല്ലുവിളിച്ചു. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്.

Related Articles

Back to top button