ചരമ അറിയിപ്പിലും മതസൗഹാർദത്തിന്റെ മാതൃക കാട്ടി ആലപ്പുഴയിലെ മണ്ണഞ്ചേരി നിവാസികൾ

മണ്ണഞ്ചേരി(ആലപ്പുഴ): ചരമ അറിയിപ്പിലും മതസൗഹാർദത്തിന്റെ മണ്ണഞ്ചേരി മാതൃക. പഞ്ചായത്ത് മൂന്നാം വാർഡ് കൊല്ലന്റെ വെളിയിൽ മോഹനൻ (കുട്ടൻ-64) തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പുലർച്ചെ നടക്കാൻ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയതോടെ മോഹനന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, മസ്ജിദ് ഭാരവാഹികൾ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തെങ്ങുകയറ്റത്തൊഴിലാളിയായ മോഹനൻ മരിച്ചയുടൻ മസ്ജിദ് ഭരണസമിതി അടിയന്തരമായി കൂടി മരണവിവരം പള്ളിയുടെ മൈക്കിലൂടെ വിളിച്ചറിയിക്കാൻ തീരുമാനിച്ചു. മസ്ജിദിനു സമീപം തന്നെയാണ് മോഹനന്റെ വീട്.

മസ്ജിദ് ജോയിന്റ് സെക്രട്ടറി ചക്കനാട് അബ്ദുൾ ജബ്ബാറാണ് മരണവിവരം മൈക്കിലൂടെ വിളിച്ചറിയിച്ചത്. വ്യത്യസ്ത മതവിഭാഗത്തിലാണെങ്കിലും ജാതി, മത ചിന്തകൾക്കതീതമാണ് ഇവിടത്തെ ജനങ്ങളുടെ സൗഹൃദമെന്നും മോഹനനടക്കം മുപ്പതിലധികം കുടുംബങ്ങൾ മസ്ജിദുമായി നല്ല ബന്ധമാണ് പുലർത്തുന്നതെന്നും മസ്ജിദ് ഭാരവാഹികളായ നഹാസ് വടക്കേടം, അഷറഫ് ഇടവൂർ, ഷാനവാസ് മനയത്തുശ്ശേരി, അബ്ദുൾ ഖാദർ കോലാട്ട് എന്നിവർ പറഞ്ഞു. മസ്ജിദിൽ നടക്കുന്ന നേർച്ചകളിലും, വിശേഷ ദിവസങ്ങളിലും മോഹനനും കുടുംബവും ഉൾപ്പെടെയുള്ള പ്രദേശവാസികൾ വലിയ പിന്തുണയാണ് നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Related Articles

Back to top button