പരിസരപഠന കൈപ്പുസ്തകത്തിൽ പക്ഷികളുടെ പേരുകളിൽ തെറ്റ്‌..

നാലാംക്ലാസ് പരിസരപഠന പാഠപുസ്തകത്തിന്റെ അധ്യാപകർക്കുള്ള കൈപ്പുസ്തകത്തിൽ പലയിടത്തായി തെറ്റുകളും അപൂർണവിവരങ്ങളും. പക്ഷികളുമായി ബന്ധപ്പെട്ട ഭാഗത്താണ് ചിത്രങ്ങളും പേരുകളും തെറ്റായി നൽകിയത്.

‘ചിറകുള്ള കൂട്ടുകാർ’ എന്ന തലക്കെട്ട് നൽകിയ പേജുകളിൽ കേരളത്തിൽ സാധാരണയായി കാണുന്ന പക്ഷികളുടെ ഫോട്ടോകളും വിവരങ്ങളും നൽകിയിട്ടുണ്ട്. ഇതിൽ, ചൂളൻ എരണ്ടയുടെ ചിത്രം നൽകിയതിന് അടിക്കുറിപ്പ് എരണ്ട എന്നാണുള്ളത്. അതുപോലെ തിത്തിരി പക്ഷിയും ചെങ്കണ്ണി തിത്തിരിയും ഒരേ പക്ഷിയാണ്. എന്നാൽ ഇവയുടെ രണ്ട് വ്യത്യസ്തചിത്രങ്ങൾ നൽകി ഈ രണ്ട്‌ വിളിപ്പേരുകൾ നൽകിയത് തെറ്റിദ്ധാരണാജനകമാണ്.

കാടുമുഴക്കി എന്ന് പൊതുവായി അറിയപ്പെടുന്ന പക്ഷിക്ക് ഇരട്ടവാലൻ എന്ന പ്രാദേശിക പേരാണ് പുസ്തകത്തിലുള്ളത്. പലയിടത്തും ഈ പക്ഷിക്ക് പല വിളിപ്പേരുകളാണുള്ളത്. അതുപോലെയാണ്‌ കുരുവി, മഞ്ഞക്കിളി എന്നിവയുടെ ചിത്രത്തിനുമുള്ളത്. കുരുവികളും മഞ്ഞക്കിളിയും പലയിനമുണ്ട്. പൊതുവായി കുരുവി, മഞ്ഞക്കിളി എന്നാണ് പുസ്തകത്തിൽ നൽകിയത്.

അങ്ങാടിക്കുരുവിയുടെ ചിത്രം കൊടുത്ത് കുരുവി എന്നാണ് രേഖപ്പെടുത്തിയത്. നാകമോഹൻ എന്ന പക്ഷിയുടെ പേര് ‘നാഗമോഹൻ’ എന്ന് തെറ്റായാണ് നൽകിയത്. ഇരട്ടത്തലച്ചി ബുൾബുളിന്റെ ചിത്രത്തിന് നാഗമോഹൻ എന്നാണ് അടിക്കുറിപ്പ് നൽകിയത്. ലളിത എന്ന പക്ഷിയുടെ ചിത്രത്തിന് കുയിൽ എന്നും പേര് നൽകി. 86-ാമത്തെ പേജിൽ പക്ഷികളുടെ ചിത്രങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും അടിക്കുറിപ്പില്ല.

കുട്ടികൾക്ക് ആവശ്യമായ പല അടിസ്ഥാനവിവരവും പുസ്തകത്തിലില്ലെന്ന് പക്ഷിനിരീക്ഷകനും മുൻ എച്ച്എസ്എസ് അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പയ്യന്നൂരിലെ പി.വി.പദ്മനാഭൻ പറഞ്ഞു. പക്ഷികളുടെ പൊതുനാമം നൽകിയ ശേഷം ഏതെങ്കിലും ഒരിനത്തിന്റെ ചിത്രം നൽകുന്നത് തെറ്റിദ്ധാരണാജനകമാണ്. അധ്യാപകരുൾപ്പെട്ട കരിക്കുലം കമ്മിറ്റി തയ്യാറാക്കിയ പുസ്തകം പുറത്തിറക്കിയത് എസ്‌സിഇആർടിയാണ്.

Related Articles

Back to top button