പ്രണയിച്ച് വിവാഹം ചെയ്ത മകളുടെ ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍

യുവാവിനെ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയുടെ പിതാവ് അറസ്റ്റിൽ. വെഞ്ഞാറമൂട് വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ(48) ആണ് അറസ്റ്റിലായത്. വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തിന് (30) ഗുരുതരമായി പരിക്കേറ്റു. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്കു സമീപമായിരുന്നു സംഭവം.

പിതാവിന്റെയും കുടുംബത്തിന്റെയും എതിർപ്പ് അവഗണിച്ച് മകൾ അജീഷ(21) അഖിൽജിത്തിനെ വിവാഹം ചെയ്തതിലുള്ള പകയാണ് കൊലപാതക ശ്രമത്തിന് പിന്നാലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരുമാസം മുൻപായിരുന്നു അഖിൽജിത്തിന്റെയും അജീഷയുടെയും വിവാഹം. അഖിൽജിത്തിന്റേത് രണ്ടാം വിവാഹമാണെന്നറിഞ്ഞപ്പോൾ അജീഷയെ കുടുംബം ഇടപെട്ട് തിരികെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഒരാഴ്ച മുൻപ് അജീഷ വീണ്ടും അഖിൽജിത്തിനൊപ്പം പോയിരുന്നു പിന്നാലെയാണ് അപകടപ്പെട്ടുത്താൻ ശ്രമിച്ചത്.

ശനിയാഴ്ച വൈകീട്ട് അജീഷയെയും അഖിലിനെയും ജോൺ വഴിയരികിൽ വച്ച് കണ്ടിരുന്നു. ഇവർ തൊട്ടടുത്ത കടയിൽനിന്നു കാറിലേക്കു കയറുന്നതിനിടെ സ്വന്തം ലോറി ഓടിച്ചുവന്ന ജോൺ ലോറി ഇടിച്ചുകയറ്റുകയായിരുന്നു. ലോറിക്കും കാറിനുമിടയിൽ അഖിൽജിത്ത് കുടുങ്ങുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. നാട്ടുകാരാണ് റ്റ അഖിൽജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പോലീസ് എത്തി ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു

Related Articles

Back to top button