ഹീറോയെ കാണാന്‍ തിരിച്ച യാത്രയില്‍ അമ്മയെ നഷ്ടമായി.. മരണത്തോട് മല്ലടിച്ച് മുരുകനും…
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ കടുത്ത ആരാധകനായ മുരുകന് തന്റെ അമ്മയെയും കൂട്ടി തന്റെ ഹീറോയെ കാണാന്‍ ടിവികെ നടത്തുന്ന റാലിയില്‍ എത്തി. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മുരുകന്റെ അമ്മ ജയ(55)ക്ക് ജീവൻ നഷ്ടമായി. മുരുകന് നെഞ്ചിന് സാരമായി പരിക്കേറ്റു. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി കരൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മുരുകൻ.
കരൂരിലെ ദുരന്തം വാർത്തയിലൂടെയാണ് അറിയുന്നതെന്ന് ജയയുടെ സഹോദരൻ പറഞ്ഞു. അവർ വിജയ്യെ കാണാൻ പോയ വിവരം ആ സമയം അറിഞ്ഞിരുന്നില്ല. ഒരു ബന്ധു വിളിക്കുമ്പോഴാണ് വിവരം അറിയുന്നത്. ആ സമയം തന്നെ താൻ കരൂരിലേക്ക് തിരിച്ചു. കരൂരിൽ തെരച്ചിലിനൊടുവിൽ ലഭിച്ചത് ജയയുടെ മൃതദേഹമായിരുന്നു. മുരുകന് നെഞ്ചിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും ജയയുടെ സഹോദരൻ പറഞ്ഞു. മുരുകൻ വലിയ വിജയ് ആരാധകനായിരുന്നുവെന്നും മാതൃസഹോദരൻ കൂട്ടിച്ചേർത്തു.